പൊതു വിദ്യാലയങ്ങളെ പരിസ്ഥിതി പഠനലാബുകളാക്കി വിദ്യാർത്ഥികളിൽ പരിസ്ഥിതി അനുകൂല മനോഭാവം ഉണ്ടാക്കുന്നതിനായി 13 മണ്ഡലങ്ങളിലെ 26 പ്രൈമറി വിദ്യാലയങ്ങളിൽ എസ്.എസ്.എ. ഫണ്ടുപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്ത്തുത്സവത്തിന്റെയും ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബഹു. കേരള കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഒരു കോടി മരം നടുക എന്നതിനപ്പുറം അത് സംരക്ഷിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും പുതിയ തലമുറ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിൽ ശ്രദ്ധാലുവാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇരിങ്ങപ്പുറം ഗവ.എൽ.പി.സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീല വിജയകുമാർ അധ്യക്ഷയായിരിന്നു. സ്കൂളിൽ തയ്യാറായ നക്ഷത്ര വനം ബഹു. ഗുരുവായൂർ എം.എൽ.എ ശ്രീ. കെ.വി.അബ്ദുൾ ഖാദറും, തനതു പ്രവർത്തനമായ 'ജീവനം' ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ മുക്കണ്ടത്തും, വൃക്ഷത്തൈ വിതരണം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. കെ.പി.ശാന്തകുമാരിയും, കരനെൽ കൃഷി ചാവക്കാട് നഗരസഭ ചെയർമാൻ ശ്രീ.എൻ.കെ അക്ബറും ഉദ്ഘാടനം ചെയ്തു. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. ഈ പരിപാടിയിൽ തൃശൂർ ഡി ഡി ഇ കെ സുമതി സ്വാഗതവും ജി എൽ പി എസ് ഹെഡ് മിസ്ട്രസ് ഗീത നന്ദിയും പറഞ്ഞു.
Updated on: 07 Jun 2017